നാഷണല്‍ പെര്‍മിറ്റ് ലോറികളുടെ പുറകില്‍ നാമെല്ലാം പലതവണ കണ്ടിട്ടുള്ള വാക്കുകളാണ് തലക്കെട്ടില്‍ കൊടുത്തിട്ടുള്ളത്. ഹോണ്‍ പ്ലീസ് എന്താണെന്നു മനസിലാക്കാം. നടുക്കെന്തിനാണ് ഒരു ഓകെ എന്നത് മനസ്സിലാകാത്തതുകൊണ്ട് പലരോടും ചോദിച്ചു. ലോറി ഉടമകളോടും ഡ്രൈവര്‍മാരോടും വര്‍ക്ക് ഷോപ്പ്കാരോടും; പൂര്‍ണ്ണമായും തൃപ്തികരമായ ഒരു മറുപടി കിട്ടിയില്ല. ഏറെക്കുറെ ബോധ്യപ്പെട്ട ഒരു മറുപടി; ബോഡി ബില്‍ഡിംഗ് സമയത്ത് പെയിന്റര്‍മാര്‍ കാലങ്ങളായി എന്താണെന്നറിയാതെ എഴുതി വിടുന്ന ഒരു കാര്യമാണെന്നാണ്. എന്തിനാണെന്ന് എഴുതിയവനും വായിക്കുന്നവനും ഉടമസ്ഥനും ആര്‍ക്കും അറിയില്ല. ഇത്തരത്തില്‍ എന്തിനാണെന്ന് അറിയാതെ തുടര്‍ന്ന് പോരുന്ന ചില കാര്യങ്ങളാണ് ഇന്നത്തെ ചര്‍ച്ച വിഷയം.
വളരെ പ്രശസ്തമായ ഒരു കഥയാണ് പൂച്ചയെ കെട്ടിയിട്ട ഗുരുജിയുടേത്. ഗുരു ശിഷ്യ സമ്പ്രദായത്തില്‍ നടക്കുന്ന ഒരു പാഠശാലയില്‍ സ്ഥിരശല്യക്കാരനായ പൂച്ചയെ കെട്ടിയിടാന്‍ ഗുരു ശിഷ്യന്‍മാരോട് ആവശ്യപ്പെട്ടു. പൂച്ചയെ കെട്ടിയിട്ടു ഗുരു ക്ലാസ്സ് തുടര്‍ന്നു. പിന്നെ അത് പതിവായി. രാവിലെ വന്ന ഉടനെ ശിഷ്യന്മാര്‍ പൂച്ചയെ കെട്ടിയിടും. ഗുരു ശല്യമില്ലാതെ ക്ലാസ്സ് നടത്തും. ഒരു ദിവസം ഗുരു രോഗബാധിതനായി മരണപ്പെട്ടു. പുതിയ ഒരാള്‍ ഗുരുവായി ചുമതലയേറ്റു. പതിവുപോലെ ക്ലാസുകള്‍ നടക്കാന്‍ തുടങ്ങി. ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പായി ശിഷ്യന്മാര്‍ പൂച്ചയെ കെട്ടിയിടും, ഗുരു ക്ലാസ്സ് നടത്തും. അങ്ങിനെ ഒരു ദിനം പൂച്ച ചത്ത് പോയി. പിറ്റേന്ന് ക്ലാസ്സ് തുടങ്ങുന്നതിനു മുമ്പായി പൂച്ചയെ കെട്ടിയിടാന്‍ നോക്കിയ ശിഷ്യന്‍ പൂച്ച ചത്തതറിഞ്ഞു, ഒരു പൂച്ചയെ എവിടുന്നോ സംഘടിപ്പിച്ചു കൊണ്ടുവന്നു കെട്ടിയിട്ടു. ഗുരു ക്ലാസ്സ് തുടങ്ങി. എന്തിനാണെന്നറിയാത്ത ഇത്തരം പൂച്ചകള്‍ നമ്മുടെ നാട്ടിലെ പല ബിസിനസുകളിലും കാണാം.
ഇടത്തരം റെസ്റ്ററന്റ്റ്കളുടെ കാഷ്കൌണ്ടറുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. ഒരാള്‍ക്ക് ഇരിക്കാനുള്ള കൌണ്ടര്‍ ചുരുങ്ങിയത് രണ്ടു ടേബിള്‍ വലിപ്പത്തില്‍ ഉണ്ടാക്കിയിട്ടുണ്ടാവും. എന്തിനാണെന്ന് ചോദിച്ചാല്‍ ആര്‍ക്കും അറിയില്ല; കാലങ്ങളായി അതങ്ങിനെയാണ്. ആ കാഷ് കൌണ്ടര്‍ ചെറുതാക്കി അവിടെ ഒരു ടേബിള്‍ കൂടി ഇട്ടാല്‍ അത്രയും കച്ചവടം കിട്ടില്ലേ എന്ന് ചോദിച്ചാല്‍ വ്യക്തമായ മറുപടിയില്ല. ഈയിടെ ഒരു പരസ്യ ഏജന്‍സിയുടെ ഉത്ഘാടനം ശ്രദ്ധയില്‍ പെട്ടു. നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും വേണ്ടി സദ്യയും ഗാനമേളയും ഒക്കെ ഉണ്ടായിരുന്നു. പരസ്യ ഏജന്‍സി എന്നത് മറ്റു ബിസിനസുകളെ ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു ബിസിനസ് ആണ്; അഥവാ ബിസിനസ് സ്ഥാപനങ്ങളാണ് അതിന്റെ കസ്റ്റമേഴ്സ്. അത്തരത്തിലുള്ള ഒരു ബിസിനസിന് എന്തിനാണ് മുഴുവന്‍ ജനങ്ങളുടെയും ശ്രദ്ധ കിട്ടുന്ന രൂപത്തിലുള്ള ഉത്ഘാടനം? ഉത്തരം എല്ലാവരും ഉത്ഘാടനം നടത്തുന്നു അവരും നടത്തി അത്ര തന്നെ. ഉത്ഘാടനമേ നടത്താത്ത സ്ഥാപനങ്ങള്‍ നല്ല ലാഭമുണ്ടാക്കി മുന്നേറുന്നത് നമുക്ക് ധാരാളം കാണാന്‍ കഴിയും.
ഉത്ഘാടനത്തിനു പത്രങ്ങളില്‍ നിറയെ പരസ്യം കൊടുക്കുന്നത്, സെലിബ്രിറ്റികളെക്കൊണ്ട് ബിസിനസ് ഉത്ഘാടനം ചെയ്യിക്കുന്നത്, അനാവശ്യമായ സ്റ്റാഫ് റിക്രൂട്ട്മെന്റ്, ആവശ്യത്തില്‍ കൂടുതല്‍ ഓഫീസ് സൌകര്യവും ഭംഗിയും, വേണ്ടത്ര പഠനമില്ലാതെ വാഹനങ്ങള്‍ വാങ്ങുന്നത്, പ്രോഫിറ്റബിലിറ്റി നോക്കാതെ ബ്രാഞ്ചുകള്‍ തുടങ്ങുന്നത്, വിജയിച്ച മറ്റു ബിസിനസുകളെ അന്ധമായി അനുകരിക്കുന്നത് തുടങ്ങി ഇത്തരത്തില്‍ കാലങ്ങളായി തുടര്‍ന്ന് വരുന്ന എന്തിനാണെന്നറിയാത്ത ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചുറ്റുമുള്ള ബിസിനസുകളില്‍ കാണാന്‍ കഴിയും.
ഏറ്റവും ലളിതമായ വിധത്തില്‍ ബിസിനസിനെ വിശദീകരിക്കുകയാണെങ്കില്‍, രണ്ടു വാക്കുകളാണ് പ്രധാനം. ഒന്ന് മൂല്യം. ബിസിനസ് എന്ത് മൂല്യമാണ് അതിന്റെ കസ്റ്റമേഴ്സിന് നല്‍കുന്നത് എന്നത്. രണ്ടു ലാഭം. എത്ര ലാഭമാണ് ബിസിനസ് ഉണ്ടാക്കുന്നത് എന്നത്.ഈ രണ്ടു വാക്കുകളെ ചുറ്റിപ്പറ്റിയാണ് ബിസിനസ് പ്ലാന്‍ ചെയ്യേണ്ടത്. മറിച്ചുള്ള എന്ത് പ്ലാനിംഗും സംരംഭകനെ വഴിതെറ്റിക്കാന്‍ സാധ്യതയുണ്ട്.