Just one second...

 

ഇന്ത്യയുടെ മോടിയും, മോഡിയുടെ ഇന്ത്യയും

September 21, 2017by Asif Theyyampattil0

ഇതൊരു രാഷ്ട്രീയ അവലോകനമല്ല മറിച്ച് എകനോമിക്സ് – ബിസിനസ്‌ പ്രതലത്തിലുള്ള സ്വതന്ത്ര നിരീക്ഷണമാണ്. അനുകൂലിക്കുന്നതും വിമര്‍ശിക്കുന്നതുമായ അഭിപ്രായങ്ങള്‍ക്കു സ്വാഗതം.

കറന്‍സി നിരോധനം വിളിച്ചുവരുത്തിയ ഒരു ദുരന്തം ആണ് എന്നതില്‍ രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ ഏറെക്കുറെ ഏകാഭിപ്രയക്കാരാണ് . തുടക്കം മുതലേ ഈ തീരുമാനം എടുക്കാന്‍ കാണിച്ച ധൃതിയെയും ഉദ്ദേശശുദ്ധിയെയും വിമര്‍ശിക്കുന്ന ഒരാളാണ് ഞാന്‍. അത് ഇനിയും ചര്‍വിതചര്‍വണം നടത്തുന്നതില്‍ യുക്തില്ല എന്ന് കരുതുകയാണ്. ഏറ്റവും ചുരുങ്ങിയത് മേല്പറഞ്ഞ പ്രതലത്തിലെങ്കിലും; രാഷ്ട്രീയത്തില്‍ ഇനിയും അതിനു സ്കോപ് ഉണ്ട് താനും.

കറന്‍സി നിരോധനംകൊണ്ട് എന്തെങ്കിലും ഉപകാരം ഉണ്ടായോ എന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും. എന്‍റെ നിരീക്ഷണത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ അതിനു കഴിഞ്ഞിട്ടുണ്ട്. ദൂര വ്യാപകമായി ചില മര്‍മ്മ പ്രധാനമായ രാജ്യ പുരോഗതിക്കു സഹായകരമായ മാറ്റങ്ങള്‍ കറന്‍സി നിരോധനംവഴി ഉണ്ടായി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ് .ഇതിന്റെ ക്രെഡിറ്റ്‌ ഇത് നടപ്പിലക്കിയവര്‍ക്ക് എടുക്കാന്‍ കഴിയുമോ എന്ന് സംശയമാണ് . അവര്‍ നേരത്തെ അവകാശപ്പെട്ട നേട്ടങ്ങളുടെ ലിസ്റ്റില്‍ ഇത് വന്നിട്ടില്ല എന്നത് തന്നെ കാരണം. പക്ഷെ നേരത്തെ പലപ്പോഴും അഭിപ്രായങ്ങള്‍ മാറ്റിയത് പോലെ അവര്‍ ഇതിന്റെ ക്രെഡിറ്റും ക്ലൈം ചെയ്യാന്‍ സാധ്യതയുണ്ട് .

ഇന്ത്യയില്‍ പുതിയ നിയമ നിര്‍മ്മാണങ്ങള്‍ സാധാരണ ഗതിയില്‍ ജനങ്ങള്‍ വേണ്ടത്ര ഗൌനിക്കറില്ല ; കാരണം ഒന്നുകില്‍ അതവരെ യഥാര്‍ത്ഥത്തില്‍ ബാധിക്കാന്‍ സാധ്യതയില്ലെന്ന് അവര്‍ കരുതുന്നു അല്ലെങ്കില്‍ കൈകൂലിയോ സ്വാധീനമോ ഉപയോഗിച്ച് അതിനെ മറികടക്കാമെന്ന് അവര്‍ വിചാരിക്കുന്നു. ഏതോ സിനിമയില്‍ പറഞ്ഞത് പോലെ , ഇന്ത്യയില്‍ നിയമങ്ങള്‍ പാലിക്കപ്പെടനുള്ളതല്ലെന്ന് ഒരു പൊതു ബോധം ഉണ്ട്. ഈ ബോധത്തിന്റെ കരണക്കുറ്റിക്കാണ് കറന്‍സി നിരോധനം നല്ല ഒന്നൊന്നര അടി കൊടുത്തത്. എന്തിനും എല്ലാറ്റിനും ബഹളവും സമരവും ഉണ്ടാക്കിയിരുന്നവര്‍ ഇപ്പോള്‍ പകച്ചു നില്‍ക്കുകയാണ്. കുറെയേറെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇതുവഴി ഗവണ്മെന്റിനു കഴിഞ്ഞു. സബ്സിഡികള്‍ കുറക്കുന്നത്, ഇന്ധന വില വര്‍ദ്ധിക്കുന്നത് , ജി.എസ്.ടി വരുന്നതിലൂടെ കുറയുമെന്ന് പറഞ്ഞിരുന്ന വിലകള്‍ കുറയാതിരിക്കുന്നത്‌, തുടങ്ങിയവയോട് മാനസികമായി അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നത് മാറിയ ഈ പൊതുബോധം കാരണമാണ്. പ്രധാനമന്ത്രി ഉറച്ച തീരുമാനങ്ങളെടുക്കാന്‍ കാണിക്കുന്ന മിടുക്ക് അഭിനന്ദിക്കേണ്ടത് തന്നെയാണ്. പക്ഷെ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധി സംശയത്തിന്റെ നിഴലിലാണ്.നടപടികൊണ്ട് ഉണ്ടാവേണ്ട ഗുണത്തേക്കാളേറെ അത് കൊണ്ടുണ്ടായേക്കാവുന്ന പബ്ലിസിറ്റി ലക്ഷ്യമാക്കിയത്‌ കൊണ്ടാണ് ഇത് ഒരു ദുരന്തം ആയത് .രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മികച്ച പ്ലാനിംഗും റിസ്ക്‌ മിററിഗേഷന്‍ സന്നാഹങ്ങളും ആവശ്യമായിരുന്നു . എന്നാല്‍ അതുണ്ടായില്ല .

ഈ ത്യാഗങ്ങളെല്ലാം സഹിച്ചാലും ഒരു നല്ല ഭാവി ഉണ്ടാവുമായിരുന്നെങ്കില്‍ നന്നായേനെ. എന്നാല്‍ അദ്ധേഹത്തിന്റെ തന്നെ അനുയായികള്‍ പശുവിന്റെ പേരിലും മറ്റും നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും പ്രതീക്ഷിക്കുന്ന ഭാസുരമായ ഭാവിയുടെ നേരെ വിപരീത ദിശയിലേക്കുള്ള പ്രയാണമാണ്. ഒരു രാജ്യത്തിലെ പൌരന്മാരുടെ ഒന്നിച്ചുള്ള അധ്വാനമാണ് അതിനെ പുരോഗതിയിലേക്കും വികസനത്തിലേക്കും നയിക്കുക. ദളിതനെ മനുഷ്യനായി കാണാത്ത , പിന്നോക്കക്കാരനെ പൌരനായി കാണാത്ത, സ്ത്രീകളെ ഒരു വസ്തുവായി മാത്രം കാണുന്ന ചിലര്‍ ഇപ്പോഴും ഭരണകക്ഷിയുടെ ഭാഗമെന്നു അവകാശപ്പെട്ടു കൊണ്ട് രാജ്യത്തിന്‍റെ പല ഭാഗത്തും അക്രമങ്ങള്‍ നടത്തുകയാണ്. അത് ഫലപ്രദമായി തടയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗൌരി ലങ്കേഷ് സംഭവം ഉള്‍പെടെ ഭിന്ന സ്വരങ്ങള്‍ക്കെതിരെ നടത്തുന്ന അടിച്ചമര്‍ത്തല്‍ശ്രമങ്ങളും ഇവിടെ കൂട്ടി വായിക്കേണ്ടതാണ്. ഒരു വശത്ത് ബുള്ളറ്റ് ട്രെയിനുകളെ കുറിച്ചും ഹൈപെര്‍ ലൂപിനെ കുറിച്ചും സംസാരിക്കുമ്പോള്‍ മറുവശത്ത് പ്രാകൃതമായ മനോനിലയുള്ള അണികളെ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുന്നത് ശക്തമായ തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന ഒരു ഭരണധികാരിക്ക് ഭൂഷണമല്ല.

കറന്‍സി നിരോധനം, ജി.എസ്.ടി, കാഷ് ലെസ്സ് വ്യവഹാരങ്ങളെ പ്രോത്സാഹിപ്പിക്കല്‍ സബ്സിഡികള്‍ കുറയ്ക്കല്‍ തുടങ്ങിയ പരിഷ്കരണങ്ങള്‍ക്ക് പിന്നാലെ ചില ജനപ്രിയ നടപടികള്‍ വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. സാമ്പത്തിക വര്‍ഷം കലണ്ടര്‍ വര്‍ഷത്തിനു സമന്തരമാക്കുമെന്നു ഉറച്ചു വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. സാമ്പത്തിക രംഗത്തെ പരിഷ്കരണങ്ങള്‍ കാരണം രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്ത് വന്നിട്ടുള്ള കോട്ടങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ , സാമ്പത്തിക വര്‍ഷത്തിന്റെ ക്രമത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ചെറിയ ചില സഹായങ്ങള്‍ ഭരണകക്ഷിക്ക് നല്കാന്‍ സാധ്യതുണ്ട് എന്നത് ഈ വിശ്വാസത്തിനു ആക്കം കൂട്ടുന്നുണ്ട്.

ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നു വിശ്വസിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജനപ്രിയ നടപടി യൂണിവേര്‍സല്‍ ബേസിക് ഇന്‍കം (UBI) എന്ന പേരില്‍ വിളിക്കപ്പെടുന്ന നാഷണല്‍ ഡിവിടെന്റ് സ്കീം ആയിരിക്കും. എല്ലാ സബ്സിഡികള്‍ക്കും പകരമായി രാജ്യത്തെ അര്‍ഹരായ എല്ലാ പൌരന്മാര്‍ക്കും നല്‍കുന്ന യാതൊരു നിബന്ധനകളുമില്ലാതെ നല്‍കുന്ന വരുമാനമാണ് ഇത്. ലോകത്താകമാനം UBI നടപ്പിലാക്കണമെന്ന് വിവിധ മേഖലകളിലുള്ളവര്‍ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് മോഡി ഇത് നടപ്പിലാക്കുമെന്ന് വിശ്വസിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്.

അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ അടുത്ത തിരഞ്ഞെടുപ്പ് ഒരു വിഷയമേയല്ല എന്ന് വായിക്കാന്‍ പറ്റുന്നുണ്ട്. അതിനു കാരണം പരിഷ്കരണ നടപടികള്‍ക്ക് ശേഷം നടപ്പിലാക്കാന്‍ പോകുന്ന ഒരു നല്ല ജനപ്രിയ പദ്ധതിയെക്കുറിച്ചുള്ള ആത്മവിശ്വാസം ആകാം. രണ്ടാം യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ ആധാര്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോയത് ഇപ്പോഴത്തെ എന്‍.ഡി,എ സര്‍ക്കാരാണ്. ഇത് പ്രകാരം ഒരു പൌരനുമായി ബന്ധപ്പെട് മിക്ക കാര്യങ്ങളും ആധാരിലേക്ക് ബന്ധിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ബാങ്ക് അക്കൗണ്ട്‌ , മൊബൈല്‍ നമ്പര്‍ തുടങ്ങി വിലകൂടിയ സാധനങ്ങള്‍ വാങ്ങുന്നത് വരെ ഇപ്പോള്‍ ആധാര്‍ കണക്റ്റഡ് ആണ്.

അതുകൊണ്ട് UBI സ്കീമിന് അര്‍ഹാരയവരെ കണ്ടെത്താനും അത് അവരിലേക്ക്‌ കൃത്യമായി എത്തിക്കാനും സര്‍ക്കാരിനു ബുദ്ധിമുട്ടുണ്ടാവില്ല . ഇപ്പോഴത്തെ ടാക്സ് റേറ്റ് കൂടുതലായത് കൊണ്ടും മറ്റു മാര്‍ഗങ്ങളിലൂടെ സര്‍ക്കാരില്‍ എത്തിച്ചേരുന്ന പണം ഉള്ളത് കൊണ്ടും UBI പദ്ധതിക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഒരിക്കല്‍ നടപ്പിലാക്കി കഴിഞ്ഞാല്‍ പണലഭ്യത വര്‍ദ്ധിക്കുകയും അതുവഴി രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സാധിക്കും. അറിയാതെയെങ്കിലും, കള്ളപ്പണം പിടിച്ചെടുത്തു നിങ്ങളുടെ ബാങ്കില്‍ ഇടാമെന്ന് പറഞ്ഞ ഒരു വാഗ്ദാനം ജനങ്ങളുടെ മനസ്സില്‍ ഉണ്ട് താനും. അത് ഒരു തിരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങളെ നിര്‍വീര്യമാക്കാനും ഇതുവഴി സാധിക്കും. UBI സ്കീം നടപ്പിലാക്കുന്നതോടെ ഇതുവരെ ഉണ്ടാക്കിയ ചീത്തപ്പേരെല്ലാം മാറിക്കിട്ടുകയും ചെയ്യും. മോഡിയെ ടാര്‍ഗറ്റ് ചെയ്തു പ്രതിപക്ഷ കക്ഷികള്‍ ഉണ്ടാക്കുന്ന സ്ട്രാറ്റജി നിഷ്ഫലമാകാന്‍പോകുന്നതും ഇവിടെയാണ്‌. അടുത്ത തിരഞ്ഞെടുപ്പ് വിജയിക്കണമെങ്കില്‍ ഇതുംകൂടി പരിഗണിച്ചു ഒരു ഗെയിം പ്ലാന്‍ പ്രതിപക്ഷ കക്ഷികള്‍ ഉണ്ടാക്കേണ്ടി വരും.

മതത്തിന്‍റെയും ജാതിയുടെയും പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ശക്തികളെ മെരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ പരിഷ്കരണങ്ങളുടെയൊന്നും ഫലം രാജ്യത്തിനു ലഭിക്കില്ല എന്ന ദുഃഖസത്യം നിലനില്‍ക്കുന്നു. പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന കക്ഷികള്‍ ആണ് ഇത്തരത്തില്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന കാര്യങ്ങളില്‍ പലപ്പോഴും മുന്നില്‍ ഉള്ളത് എന്നതും സങ്കടകരമാണ് . സ്വന്തം ആള്‍ക്കാരുടെ പ്രധാനമന്ത്രിയില്‍ നിന്നും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാന്‍ ഇനിയെങ്കിലും അദ്ദേഹത്തിന് സാധിക്കട്ടെയെന്നു ആശംസിക്കുന്നു.

Visit our other blogs such as സാമ്പത്തിക പരിഷ്കരണം; ബിസിനസുകാര്‍ക്ക് പത്തു കല്പനകള്‍, കൊറോണാനന്തര ലോകത്തെ ബിസിനസ്‌, ചെടി വില്പനക്കാരന്റെ വിശ്വലൈസേഷന്‍ and Why You Cannot Defeat Kerala with a Hate Campaign – 10 Reasons.

-Asif theyyampattil

Asif Theyyampattil

Leave a Reply

Your email address will not be published. Required fields are marked *

OUR LOCATIONSWhere to find us
https://www.atbc.co/wp-content/uploads/2023/04/img-footer-map.png
Calicut
Al Tawhidi Building Near Sharf DG Metro Station Al Fahidi, Bur Dubai, UAE
GET IN TOUCHATBC Social links
ATBCContact Us
OUR LOCATIONSWhere to find us
https://www.atbc.co/wp-content/uploads/2019/04/img-footer-map.png
GET IN TOUCHATBC Social links

Copyright by ATBC. All rights reserved.

Copyright by ATBC. All rights reserved.