ഈ ചിത്രത്തില്‍ കാണുന്നത് ഒരു പരസ്യമാണ് . കോഴിക്കോട് നഗരത്തില്‍ ഇപ്പോള്‍ സന്ദര്ശിക്കുകയാണെങ്കില്‍ റോഡില്‍ പല ഭാഗത്തായി ഇങ്ങിനെ ഒരടയാളം നിങ്ങള്‍ക്ക് കാണാം. റോഡില്‍ അപകടം സംഭവിച്ച് ആളുകള്‍ മരിച്ച സ്ഥലങ്ങളില്‍ രക്തക്കറയുടെ രൂപത്തില്‍ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്. ജനങ്ങളെ ശ്രദ്ധയോടെ വാഹനമോടിക്കാന്‍ ഓര്‍മപ്പെടുത്താനാണ് ഇത്.
ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ റോഡില്‍ സുരക്ഷിതരായിരിക്കൂ തുടങ്ങി ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനു വേണ്ടി പരസ്യങ്ങള്‍ നാം പലപ്പോഴായി കണ്ടിട്ടുണ്ട്.ഹെല്‍മെറ്റ് ധരിക്കുന്നതിനു ബോധവത്കരണം നടത്തുന്നതിന് , കാര്‍ യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് സുരക്ഷയെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ തുടങ്ങി വ്യത്യസ്ത കാരണങ്ങള്‍ക്ക്;റോഡില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകളില്‍ , പത്രങ്ങളില്‍ , ടി.വി. ചാനലുകളില്‍,റേഡിയോയില്‍ തുടങ്ങി മിക്ക പരസ്യ മാധ്യമങ്ങളിലും ഇത്തരം സന്ദേശങ്ങള്‍ നല്‍കാറുണ്ട്. അത്തരം പരസ്യങ്ങളില്‍ നിന്ന് ഈ പരസ്യത്തെ വ്യത്യസ്തമാക്കുന്ന ചില ഘടകങ്ങളുണ്ട്.
അപകടം നടന്ന അതേ സ്ഥലത്ത് ആണ് രക്തക്കറയുടെ മാതൃകയില്‍ പോലീസ് പെയിന്റ് ചെയ്യുന്നത്. റോഡിലൂടെ കടന്നു പോകുന്നവര്‍ക്ക് വ്യക്തമായി കാണാവുന്ന രൂപത്തില്‍.അതുവഴി കടന്നു പോകുന്ന ഡ്രൈവര്‍മാര്‍ക്കും മറ്റു യാത്രക്കാര്‍ക്കും ശക്തമായ ഒരു സന്ദേശമായിരിക്കും ഈ അടയാളം നല്‍കുക. ഇവിടെ ഈ സ്പോട്ടില്‍ അമൂല്യമായ ഒരു ജീവന് അന്ത്യം സംഭവിച്ചിട്ടുണ്ട്. ഒരുപാട് ആളുകള്‍ക്ക് പ്രിയപ്പെട്ട ഒരാള്‍ മരണപ്പെട്ടിട്ടുണ്ട്.ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിയായിരുന്ന ഒരു ജീവിതത്തിനു അത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ യാത്ര അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട് . ഒരു പക്ഷെ അത്തരത്തിലുള്ള ഒരാഗ്രഹ സഫലീകരണത്തിനുള്ള യാത്രക്കിടയില്‍ ആയിരിക്കാം അപകടം സംഭവിച്ചത്.
മറ്റുള്ള ഏതു പരസ്യ മാതൃകകളേക്കാള്‍ വളരെ ശക്തമാണ് ഈ മോഡല്‍. ഇതിലൂടെ വാഹനമോടിക്കുമ്പോള്‍ പൊതുവേ ഡ്രൈവര്‍മാരെല്ലാം കുറച്ചുകൂടി ശ്രദ്ധിച്ചു വാഹനമോടിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്. എന്‍റെ ഡ്രൈവിംഗ് കുറച്ചുകൂടി ശ്രദ്ധിച്ചു ചെയ്യേണ്ടതുണ്ടെന്നു ആ അടയാളം എന്നോട് പറഞ്ഞു. എത്ര വേഗത്തില്‍ പോയാലും 5-10 ശതമാനം സമയം മാത്രമേ ലാഭിക്കാനാവൂ എന്നും; മിക്കപ്പോഴും അത് അനിവാര്യമല്ല എന്ന് എനിക്ക് ബോധ്യപ്പെടുത്തിത്തന്നതും ആ അടയാളം കണ്ടതിനു ശേഷമുള്ള ആലോചനകളാണ്.
ബിസിനസുകള്‍ പരസ്യം ചെയ്യുമ്പോള്‍ വളരെ അനിവാര്യമായും ശ്രദ്ധിക്കേണ്ട ; എന്നാല്‍ പലപ്പോഴും വലിയ ബിസിനസ് ഹൗസുകള്‍ പോലും വിസ്മരിക്കുന്ന ഒരു പ്രധാന പാഠം ഇതിനകത്തുണ്ട്. ഒരു നല്ല പരസ്യം എന്നാല്‍, പരസ്യം നല്‍കേണ്ട പ്രോഡക്റ്റ് / സര്‍വീസ് -ന്‍റെ പ്രസക്തിയെ അതിന്‍റെ ഓഡിയന്‍സിനെ ശക്തമായി ബോധ്യപ്പെടുത്തുന്നതായിരിക്കണം.ഇതില്‍ ഏതെങ്കിലും ഒരു കാര്യം അഥവാ പ്രോഡക്റ്റ് ന്‍റെ പ്രാധാന്യം അല്ലെങ്കില്‍ ഓഡിയന്‍സ് ടൈപ്പ് വേണ്ട രൂപത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പരസ്യത്തിനു ചിലവാക്കുന്ന പണം ഫലപ്രദമായി എന്ന് പറയാന്‍ പറ്റില്ല. ട്രാഫിക് പോലീസിന്റെ ഈ പരസ്യത്തില്‍ അതുണ്ട്. നമ്മുടെ നാട്ടില്‍ സാധാരണ കാണുന്ന പല പരസ്യങ്ങളും ക്രിയേറ്റീവ് തലത്തില്‍ മികച്ചതായിരിക്കും. നല്ല ഡിസൈനര്‍ ചെയ്ത വര്‍ക്ക് കണ്ണിനും മനസ്സിനും കുളിര്‍മ്മ നല്‍കുന്നതായിരിക്കും. പക്ഷെ ആരോ പറഞ്ഞതുപോലെ ‘സംഗതി’ ഉണ്ടാവില്ല.പരസ്യങ്ങള്‍ സ്ഥാപനത്തിന്റെ ലോങ്ങ്-ടേം സ്ട്രാറ്റജിയുമായും ഷോര്‍ട്ട്-ടേം പ്ലാനുകളുമായും ബന്ധിപ്പിച്ചിരിക്കണം. പരസ്യ ഏജന്‍സിയുമായി സ്ഥാപനം കരാറില്‍ ഏര്‍പ്പെടുന്നതിനു മുമ്പായി ഇത്തരം കാര്യങ്ങള്‍ അവര്‍ക്ക് വിശദീകരിക്കേണ്ടതുണ്ട്.പരസ്യത്തിന്റെ ഡ്രാഫ്റ്റ് ഡിസൈന്‍ കിട്ടുമ്പോള്‍ തന്നെ ഇക്കാര്യങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ നിങ്ങളുടെ സ്ട്രാറ്റജിസ്റ്റും ക്രിയേറ്റീവ്ഡയറക്ടറും പരസ്പരം ഫലപ്രദമായി ആശയവിനിമയം നടത്തിയിട്ടുണ്ട് ഉറപ്പു വരുത്തുക. നിങ്ങള്‍ക്ക് ഒരു നല്ല ബിസിനസ് വര്ഷം നേരുന്നു .
ബിസിനസുമായി ബന്ധപ്പെട്ട കൂടുതല്‍ ബ്ലോഗുകള്‍ക്കും വീഡിയോകള്‍ക്കും ഞങ്ങളുടെ Facebook page ലൈക് ചെയ്യുക. കൂടാതെ ഞങ്ങളുടെ മറ്റു ബ്ലോഗുകൾ പരിശോധിക്കുക: കൊറോണാനന്തര ലോകത്തെ ബിസിനസ്, സ്ലോ ഡൌണ്‍ നേരിടാന്‍ ബിസിനസുകാര്‍ക്ക് 6 നിര്‍ദ്ദേശങ്ങള്‍, ഫൈവ് സ്റ്റാര്‍ ചായ വാല
-Asif Theyyampattil