ആ ചായക്കട നഗരത്തില്‍ പ്രസിദ്ധമാണ്. നല്ല ചായയും പലഹാരങ്ങളും ചൂടോടെ കിട്ടും. അത്തരം ചായയും പലഹാരങ്ങളും കിട്ടുന്ന ധാരാളം കടകള്‍ ആ ടൌണില്‍ തന്നെയുണ്ട്. പക്ഷെ അതിനെക്കാള്‍ പല മടങ്ങ് തിരക്ക് ഇവിടെയുണ്ട്. കസ്റ്റമേഴ്സ് മിക്കവരും പതിവുകാരാണ്. മറ്റൊരു പ്രത്യേകത, ടൌണിലെ പല പ്രധാന വ്യക്തികളും വി.ഐ.പി കളും അവിടെ സ്ഥിര സന്ദര്‍ശകാരാണ് എന്നതാണ്.
കടയിലേക്ക് വരുന്നവരൊന്നും പ്രത്യേകിച്ച് ഓര്‍ഡര്‍ ഒന്നും പറയുന്നതായി കേള്‍ക്കുന്നില്ല. ആരെങ്കിലും പുതുതായി വന്നാല്‍ കടക്കാരന്‍ അവിടേക്ക് ഒരു നോട്ടമെറിയും എന്ന് മാത്രം. ഓരോരുത്തരുടെയും രുചി വൈവിധ്യങ്ങള്‍ കടക്കാരന് നല്ല പോലെ അറിയാം. അവര്‍ വരുമ്പോള്‍ തന്നെ അവരുടെ മനസ്സിലുള്ള ചായ റെഡി. കടുപ്പം കൂടിയത് , കുറഞ്ഞത്, മധുരമുള്ളത് , ഇല്ലാത്തത് , പാലുള്ളത്, പാല്‍ മാത്രമുള്ളത് എല്ലാം റെഡി. പലഹാരങ്ങളുടെ ചോയ്സും അവര്‍ക്കറിയാം. സന്ദര്‍ശകരുടെ അഭിപ്രായം മാറി ട്ടില്ലെങ്കില്‍ അതും പറയാതെ തന്നെ മുന്നിലെത്തും.
ഇപ്പോഴും കടയില്‍ പത്തിരുപത് പേര്‍ കാണും. ആളുകള്‍ കഴിച്ചു പോകുന്നതിനനുസരിച്ച് പുതിയ ആളുകള്‍ വരുന്നു. ആർക്കും മുഷിച്ചിലില്ലാതെ ഊഴത്തിനനുസരിച്ച് വലിയ താമസമില്ലാതെ അവര്‍ക്കുള്ള സാധനങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു. സ്വന്തം വീടിന്റെ അടുക്കള എന്ന രൂപത്തിലാണ് എല്ലാവരും പെരുമാറുന്നത്.
ഈ കടയിലെ പേര്‍സണല്‍ കെയര്‍ ആണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഒരു വ്യക്തിയുടെ കഴിവിനെക്കാളും അതിനുള്ള മനസ്സാണ് ഇവിടെ പ്രധാനം എന്ന് തോന്നുന്നു. അത്തരത്തിലുള്ള ഒരു മനസ്സിന്റെ, ബിസിനസിലുള്ള ഇമ്പാക്റ്റ് വളരെ വലുതാണ്.
സമാനമായ ഒരു സര്‍വീസ് എക്സ്പീരിയന്‍സ് എനിക്കുണ്ടായത് ഗോവയിലെ ഒരു പഞ്ചനക്ഷത്ര റിസോര്‍ടില്‍ ഒരു ട്രെയിനിംഗ് പ്രോഗ്രാമിന് പോയപ്പോഴാണ്. എന്റെ താത്പര്യം പാലൊഴിക്കാത്ത ചായയും കുടിക്കാന്‍ ചൂടുള്ള വെള്ളവുമാണെന്ന് അവിടുത്തെ സര്‍വീസ് ബോയ്സ് ആദ്യം തന്നെ മനസ്സിലാക്കി. പിന്നീട് നാല് ദിവസത്തെ പ്രോഗ്രാമില്‍ എല്ലാ സമയത്തും എല്ലായിടത്തും എനിക്ക് അവ ചോദിക്കാതെ തന്നെ ലഭിച്ചിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ സുഹൃത്തുക്കളുമായി സംസാരിച്ചു ടേബിള്‍ മാറിയാലും, പുതിയ ടേബിളില്‍ അത് എത്തിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. സമാനമായ ഒരു സര്‍വീസ് അനുഭവമാണ് ഈ ചെറിയ ചായക്കടയില്‍ എനിക്കുണ്ടായത്.
- ബിസിനസും കസ്റ്റമറും ഒരേ യന്ത്രത്തിന്റെ വിവിധ ഭാഗങ്ങളാണ്. കസ്റ്റമര്‍ക്ക് അയാള്‍ ആ ബിസിനസ്‌ന്റെ ഭാഗമാണ് എന്നാ തോന്നലുണ്ടാക്കുക എന്നത് ആ ബിസിനസ്‌നെ സംബന്ധിച്ച് ഒരു മികച്ച വിജയം തന്നെയാണ്.
- ഓരോ ബിസിനസും ഒരു പ്രശ്ന പരിഹാരമാണ്. കസ്റ്റമേഴ്സ് ഒരു പ്രോഡക്റ്റ് അല്ലെങ്കില്‍ സര്‍വീസ് സ്വീകരിക്കുന്നത് അവരുടെ എന്തോ ഒരു പ്രശ്നത്തിനു പരിഹാരം എന്ന നിലക്കാണ്. ഓരോരുത്തരുടെയും പ്രശ്നങ്ങള്‍ വിശദാംശങ്ങളില്‍ വ്യത്യസ്തമായിരിക്കും. ഈ വിശദാംശങ്ങള്‍ക്കനുസരിച്ച് പ്രശ്ന പരിഹാരത്തിന് കൃത്യമായി ഫിറ്റ് ആകുന്ന തരത്തില്‍ പ്രോഡക്റ്റ് / സര്‍വീസ് കസ്റ്റമൈസ് ചെയ്യാന്‍ കഴിയേണ്ടതുണ്ട്.
- ഇത്തരത്തില്‍ കസ്റ്റമൈസേഷന്‍ ചെയ്യണമെന്നുണ്ടെങ്കില്‍ സംരംഭകരുടെ മനോഭാവം മാറേണ്ടതുണ്ട്. നമുക്കറിയാവുന്ന ഒരു പ്രോഡക്റ്റ്/ സര്‍വീസ് ഡെവലപ്പ് ചെയ്യുന്നതിന് പകരം കസ്റ്റമേഴ്സ് ന്റെ പ്രശ്നം പരിഹരിക്കുക എന്നതിനായിരിക്കണം ഊന്നല്‍.
- തങ്ങള്‍ ഡെവലപ്പ് ചെയ്ത പ്രോഡക്റ്റ് / സര്‍വീസ്, ഉപഭോക്താക്കളില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം അവരുടെആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. (www.facebook.com/ATBusinessConsultants)
നല്ല ഒരു ബിസിനസ് വിജയം നിങ്ങള്‍ക്ക് ആശംസിച്ചുകൊണ്ട്,
ആസിഫ്