അബുക്കയുടെ കുഞ്ഞു ഹോട്ടലില്‍ ഉച്ചഭക്ഷണത്തിന് എല്ലാവര്ക്കും പ്രിയമാണ്. നല്ല ഭക്ഷണവും ഹൃദ്യമായ പെരുമാറ്റവും മാത്രമല്ല, വേറെയും കാരണമുണ്ട് ഈ ഇഷ്ടത്തിന്. സമീപത്തുള്ള ഓഫീസുകളിലെ ജീവനക്കാര്‍, സ്കൂളിലെ അധ്യാപകരും കുട്ടികളും, കടകളിലെ ജോലിക്കാര്‍, ലോറി – ഓട്ടോ തൊഴിലാളികള്‍ എന്നിവരാണ് പ്രധാന സന്ദര്‍ശകര്‍.
അബുക്കയുടെ കാഷ് കൌണ്ടറിന് ഒരു പ്രത്യേകതയുണ്ട്. കാശ് വാങ്ങാന്‍ ആളില്ല. മേശമേല്‍ ഒരു ചെറിയ പെട്ടി വച്ചിട്ടുണ്ട്. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പണം കണക്കാക്കി നമുക്ക് തന്നെ ആ പെട്ടിയിലിടാം. ചില്ലറ മാറ്റിയെടുക്കാം. നിരീക്ഷിക്കാന്‍ ആരുമില്ല. വിശ്വസമാണ് എല്ലാവരെയും. വിശ്വാസം അങ്ങോട്ട് കൊടുത്താല്‍ ഇങ്ങോട്ടും കിട്ടും എന്നാണ് അബുക്കയുടെ പക്ഷം. പ്രത്യേകിച്ച് കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍.
ഇന്നുവരെ പണം താരാതെ ആരെങ്കിലും പോയതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് അബുക്ക പറയുന്നു. വൈകുന്നേരം കണക്കു നോക്കുമ്പോള്‍ അപൂര്‍വമായി ചെറിയ വ്യത്യാസം തോന്നാറുണ്ടെങ്കിലും, അത് എഴുതി വെക്കുന്ന സാധാരണ കണക്കിലുണ്ടാവുന്ന വ്യത്യാസത്തെക്കാള്‍ കുറവാണെന്ന് നിരവധി ഹോട്ടലുകളില്‍ ജോലി ചെയ്തിട്ടുള്ള അബുക്ക പറയുന്നു. എന്ന് മാത്രമല്ല പലപ്പോഴും ശരിക്ക് ഉണ്ടാവേണ്ട പണത്തെക്കാള്‍ അധികമാണ് ഉണ്ടാവാറുള്ളത്. ഇതിനു കാരണം ബാക്കി കൃത്യമായി എടുക്കാതെ പോകുന്നതോ അല്ലെങ്കില്‍ ബോധപൂര്‍വം അധികം ഇട്ടിട്ടു പോകുന്നതോ ആകാം. അപൂര്‍വമായി വലിയ സംഖ്യ കിട്ടിയ അനുഭവവുമുണ്ട്.
ത്രസിപ്പിക്കുന്ന മറ്റു ചില കാര്യങ്ങള്‍ കൂടി അബുക്ക പറഞ്ഞു. കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകളൊന്നും ഈ സംവിധാനം നിലവില്‍ വന്നതിനു ശേഷം ഉണ്ടായിട്ടില്ല. ആളുകള്‍ സ്വയം തന്നെ അത്തരം നോട്ടുകള്‍ ഇടാറില്ല. നമ്മള്‍ ആള്‍ക്കാരെ വിശ്വസിച്ചാല്‍ അവര്‍ അത് ഇരട്ടിയായി തിരിച്ചു തരും; ഇത് എന്റെ അനുഭവമാണ്.
Trust എന്നത് ബിസിനസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന കാര്യമാണ്. വിശ്വാസം എന്നത് വ്യവഹാരങ്ങളുടെ ചെലവ് കുറക്കാന്‍ പ്രാപ്തിയുള്ള കറന്‍സി ആണ് എന്നത് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍. ആര്‍. നാരായണ മൂര്‍ത്തി പറഞ്ഞതോര്‍ക്കുന്നു.
ബാംഗ്ലൂരിലെ ഐഡി ഫ്രഷ് എന്നാ ഫുഡ് കമ്പനി Trust എന്ന ഈ ആശയത്തെ മനോഹരമായി ബിസിനസിലേക്ക് കൊണ്ട് വന്നത് കാണാന്‍ http://idspecial.com/iDTrustShop/index.html എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.