നോട്ട് നിരോധനം നാട്ടിലാകെ ബാധിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചു, ബിസിനസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. താത്കാലികമാണ് ഈ പ്രയാസങ്ങള്‍ എന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണമായിരിക്കുമെന്ന അഭിപ്രായം ഉള്ളവരും ഉണ്ട്. അതെന്തായാലും ഇതിനകത്തെ രാഷ്ട്രീയത്തെക്കാള്‍ നാം ശ്രദ്ധിക്കേണ്ടത് ബിസിനസിനെ എങ്ങനെ ബാധിക്കും എന്നതാണ്. കാരണം ബിസിനസ് എന്നാല്‍ അതിനെ ആശ്രയിച്ചു ജീവിക്കുന്ന എല്ലാവരുടെതും ആണ്. അവരുടെ ലീഡര്‍ എന്ന നിലയില്‍, ആശ്രയിച്ചു ജീവിക്കുന്ന എല്ലാവരെയും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് നമ്മുടെ ചുമതലയാണ്. ഈ സാഹചര്യത്തെ നേരിടാന്‍ ചില കാര്യങ്ങള്‍ നിര്‍ദേശിക്കുകയാണ്. നിങ്ങളുടെ ബിസിനസ് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തി വായിക്കുക.
1.ചെലവ് ചുരുക്കുക
നോട്ട് നിരോധനത്തിനെ തുടര്‍ന്ന് പണം ചിലവഴിക്കുന്ന സ്വഭാവത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഇത് രണ്ടു രൂപത്തിലാണ് ഉള്ളത്. ഒന്ന് ചിലവഴിക്കാനുള്ള പണത്തിന്റെ ലഭ്യതയില്‍ വന്ന കുറവ്. രണ്ട് പണം ഉണ്ടെങ്കിലും ആളുകളുടെ മനസ്സില്‍ ഭാവിയെക്കുറിച്ച് ആശങ്കയുള്ളതിനാല്‍ കരുതി ചിലവഴിക്കുന്നതിനാല്‍. ബിസിനസുകളും ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ ചിലപ്പോള്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടിലാവും. നിലവിലുള്ള കരുതല്‍ ധനം മുന്‍പ് ചിലവഴിച്ച പോലെ ചിലവഴിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോയേക്കാം. എങ്ങിനെ ചെലവ് ചുരുക്കാമെന്നും ഏതെല്ലാം വഴിയില്‍ പണം തിരിച്ചുവിടണമെന്നും തുടര്‍ന്ന് വരുന്ന നിര്‍ദേശങ്ങളില്‍ വിശദീകരിക്കാം.
2.ചെലവ് ചുരുങ്ങിയ വെര്‍ഷനുകള്‍ അവതരിപ്പിക്കുക.
കഴിഞ്ഞ ഒരു ദശകത്തിനിടെ IT മേഖലയിലുണ്ടായ കുതിച്ചുചാട്ടവും മറ്റും കാരണം ആളുകളുടെ പ്രത്യേകിച്ച് യുവാക്കളുടെ ടിസ്പോസിബിള്‍ ഇന്‍കം ധാരാളമായി വര്‍ദ്ധിക്കുകയും അവര്‍ തിരഞ്ഞെടുക്കുന്ന ഉല്പന്നങ്ങളുടെ ശരാശരി വില ഉയര്‍ന്നു നില്‍ക്കുകയുമായിരുന്നു. എന്നാല്‍ പണം ചിലവഴിക്കുന്ന മനോഭാവത്തില്‍ വന്നിട്ടുള്ള മാറ്റം കാരണം മുന്‍പ് ചിലവഴിച്ചതില്‍നിന്നും വ്യത്യസ്തമായി പിടിച്ചു ചിലവഴിക്കാനാണ് സാധ്യത. നിലവിലുള്ള ബ്രാന്‍ഡുകള്‍ കുറച്ചുകൂടി വില കുറഞ്ഞ വെര്‍ഷനുകള്‍ അവതരിപ്പിക്കുന്നത് നന്നായിരിക്കും. അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ അങ്ങിനെ ചെയ്യാനുള്ള സാധ്യത കാണുന്നുണ്ട്.
3.മെനു അഫ്ഫോര്ടബ്ള്‍ ആക്കുക
മുകളില്‍ പറഞ്ഞത് പ്രോഡക്റ്റ് ബിസിനസിനെ കുറിച്ചാണെങ്കില്‍ ഈ നിര്‍ദേശം സര്‍വീസ് ബിസിനസിനെ കുറിച്ചാണ്. ഉദാഹരണത്തിന് റെസ്റ്ററെന്റ്റ് ബിസിനസ് ആണെങ്കില്‍ നിലവിലുള്ള മെനുവില്‍ കുറച്ചുകൂടെ ചെലവ് കുറച്ചു വാങ്ങാവുന്ന ഐറ്റം ഉള്‍പ്പെടുത്തുക. അളവ് കുറച്ചോ മറ്റോ ഇത് നടപ്പിലാക്കാവുന്നതാണ്. ഗുണം എന്താണെന്നു വച്ചാല്‍ കസ്റ്റമര്‍ക്കു അവരുടെ കുലീനത കളയാതെ തന്നെ നിങ്ങളുടെ കസ്റ്റമര്‍ ആയി തുടരാന്‍ പറ്റും. സാമ്പത്തിക പ്രതിസന്ധി ഒക്കെ മാറുമ്പോള്‍ ആര്‍കും ബുദ്ധിമുട്ടില്ലാതെ മെനു പിന്‍വലിക്കുകയുമാവാം; കസ്റ്റമര്‍ നിങ്ങളെ വിട്ടു പോവുകയുമില്ല.
4.ലേ ഓഫ്ഫ് ഒഴിവാക്കുക
സാമ്പത്തിക പ്രതിസന്ധി വരുമ്പോള്‍ കമ്പനികള്‍/സ്ഥാപനങ്ങള്‍ ജോലിക്കാരെ പിരിച്ചുവിടുന്നത് സ്വാഭാവികമായി ഉണ്ടാവാറുണ്ട്. എന്നാല്‍ എന്റെ നിര്‍ദേശം അതിനു എതിര്‍ ദിശയിലാണ്. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ, ബിസിനസ് സ്ഥാപനങ്ങള്‍ ഉടമസ്തരുടെത് മാത്രമല്ല, ജീവനക്കാരുടെതും വിക്രെതാക്കളുടെതും കസ്റ്റമേഴ്സിന്‍റെതും എല്ലാവരുടെതും കൂടി ആണ്; അല്ലെങ്കില്‍ ആയിരിക്കണം, സാമ്പത്തിക ഉന്നതിയിലും പ്രതിസന്ധിയിലും. നിലവിലുള്ള സ്ഥിതി ജീവനക്കാരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുക. പറഞ്ഞു വിടുന്നതിനു പകരമായി ശമ്പളത്തില്‍ കുറവ് വരുത്തുകയോ, സാമ്പത്തിക പ്രതിസന്ധി തീരുമ്പോള്‍ തരാമെന്ന കരാറില്‍ ഭാഗികമായി നല്‍കുകയോ ചെയ്യാവുന്നതാണ്. ശമ്പളത്തിന് പകരമായി അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്ന രൂപത്തില്‍ മറ്റു സൌകര്യങ്ങള്‍ ചെയ്തു കൊടുക്കവുന്നതാണ്. ആപത്തു കാലത്ത് അവരെ സപ്പോര്‍ട്ട് ചെയ്താല്‍ പ്രശ്നം തീരുന്ന മുറയ്ക്ക് വേഗത്തില്‍ ബിസിനസ് പൂര്‍വ്വസ്ഥിതിയിലാക്കാവുന്നതാണ്.
5.പൂര്‍ണ്ണമായി നിയമവിധേയമാക്കുക
ഈ പ്രതിസന്ധി തീരുന്ന ഒരു സമയത്തെ നമ്മള്‍ മനസ്സില്‍ കാണുമ്പോള്‍, ചില കാര്യങ്ങള്‍ മനസ്സിലാവുന്നുണ്ട്. അതില്‍ പ്രധാനം ബിസിനസിനെ നിയന്ത്രിക്കാനുള്ള ഗവണ്മെന്റ് സംവിധാനങ്ങള്‍ക്കു കുറച്ചുകൂടി നിയന്ത്രണം ബിസിനസുകളുടെ മേല്‍ ഉണ്ടാവും എന്നതാണ്. ബാങ്ക്, ടാക്സ് അതോരിറ്റി, ലേബര്‍ അതോരിറ്റി, പോലുഷന്‍ കണ്ട്രോള്‍ ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങളുടെ നിയന്ത്രണങ്ങള്‍ക്ക് ബിസിനസുകള്‍ കൂടുതല്‍ വിധേയമാവും എന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ അത്തരം ഉദ്യോഗസ്ഥര്‍ക്ക് ബിസിനസുകളെ ചൂഷണം ചെയ്യാനുള്ള അവസ്ഥ കുറയും എന്നാണ് മനസ്സിലാവുന്നത്. ഇതില്‍ ഒന്നാമതായി ബിസിനസുകള്‍ ചെയ്യേണ്ടത് പൂര്‍ണ്ണമായി നിയമവിധേയമാവുക എന്നതാണ്. അപ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക പ്രശ്നമാണ് ബിസിനസ് ചെയ്യാനുള്ള ചെലവ് വര്‍ധനവ്. ചെലവ് ചുരുക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തുക, ട്രേഡ് സംഘടനകള്‍ വഴി ഗവണ്മെന്റില്‍ സമ്മര്‍ദം ചെലുത്തി ‘ഈസ് ഓഫ് ടൂയിംഗ് ബിസിനസ്’ ന് സാഹചര്യം ഒരുക്കുക എന്നിവയൊക്കെയാണ് പ്രതിവിധികള്‍.
6.ശമ്പളമെന്നാല്‍ സിടിസി
ശമ്പളമെന്നാല്‍ മാസാവസാനം കൊടുത്തൊഴിവാക്കുന്ന ഒരു മൊത്തം തുകയാണ് മിക്ക ചെറുകിട ബിസിനസുകള്‍ക്കും. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളോടു കൂടി ഈ അവസ്ഥക്കും മാറ്റം വരേണ്ടതുണ്ട്. വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ ചെയ്യുന്നത് പോലെ, നിയമപരമായ ചിലവുകളും കമ്പനിയില്‍ നിന്ന് കിട്ടുന്ന മൊത്തം ആനുകൂല്യങ്ങളും കണക്കാക്കി CTC(cost to company) രൂപത്തില്‍ ശമ്പളം ക്രമപ്പെടുത്തുക. ഇല്ലെങ്കില്‍ ലാഭമുണ്ടാക്കാന്‍ ബിസിനസ് സ്ഥാപനങ്ങള്‍ പ്രയാസപ്പെടേണ്ടി വരും.
7.മാര്‍ക്കറ്റില്‍ സാന്നിധ്യം നിലനിര്‍ത്തുക.
സാമ്പത്തിക മാന്ദ്യം ഉണ്ടാവുമ്പോള്‍ പരസ്യത്തിന്റെയും മറ്റും ചെലവ് ചുരുക്കുക എന്നത് സാധാരണ കമ്പനികള്‍ ചെയ്യാറുള്ളതാണ്. എന്നാല്‍ പരസ്യം ചെയ്യുന്നത് തീരെ നിര്‍ത്തിയാല്‍ അത് ബിസിനസിനെ പ്രതികൂലമായി ബാധിക്കും. ചെറിയ പരസ്യങ്ങള്‍ ഉപയോഗിച്ചും സോഷ്യല്‍ മീഡിയ പോലുള്ള താരതമ്യേന ചെലവ് കുറഞ്ഞ മാര്‍ഗങ്ങള്‍ ഉപയോഗിച്ചും മാര്‍ക്കറ്റില്‍ സാന്നിധ്യം നിലനിര്‍ത്തുക എന്നത് ഇപ്പോള്‍ വളരെ പ്രധാനമാണ്.
8.മറ്റു മേഖലകള്‍ കണ്ടെത്തുക
ഈ സാമ്പത്തിക പരിഷ്കരണത്തോടെ ചില ബിസിനസ് മേഖലകള്‍ അപ്രത്യക്ഷമാവുകയും ചിലത് മാറ്റത്തിനു വിധേയമാവുകയും ചില പുതിയ അവസരങ്ങള്‍ തുറക്കപ്പെടുകയും ചെയ്യം. ഓരോരോ മേഖലകളെക്കുറിച്ചുള്ള അവലോകനം അവ വിശദമായി പഠിച്ചതിനു ശേഷമേ പറയാന്‍ സാധിക്കൂ. ഇതൊരു വിചിന്തനത്തിനുള്ള സമയമായി മനസ്സിലാക്കി ബിസിനസിനെ അപ്ഗ്രേഡ് ചെയ്യുന്നതിനോ മറ്റൊരു മേഖലയിലേക്ക് കടക്കുന്നതിനോ ശ്രമിക്കാവുന്നതാണ്. അത്തരത്തിലുള്ള ശ്രമങ്ങളില്‍ നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ എപ്പോഴും കൂടെയുണ്ടാവും. വിശദവിവരങ്ങള്‍ക്ക് https://www.atbc.co എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
9.പരസ്പരം സഹായിക്കുക
ഇതൊരു പരീക്ഷണ കാലഘട്ടമാണ്. പരസ്പര സഹകരണതോടെയുള്ള ഒരു സംസ്കാരം രൂപപ്പെടുത്തിയെടുക്കാനും പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കാനും ഇതിനെക്കാള്‍ നല്ല ഒരു അവസരമില്ല. കൂടുതല്‍ ബിസിനസ് സൌകര്യങ്ങള്‍ ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് അത് നല്‍കാനും കൂടെയുള്ളവരെ കൈ പിടിച്ചു ഉയര്‍ത്താനും ശ്രമിക്കുക. പേമെന്റ്കളില്‍ ഒക്കെ കഴിയാവുന്നത്ര വിട്ടുവീഴ്ച ചെയ്യുക. അങ്ങനെ നേടിയെടുക്കുന്ന കഴിവും വിശ്വാസവും ഇത് കഴിഞ്ഞുള്ള നല്ല കാലത്തിലും സഹായകരമാവും.
10.ട്രെയിനിംഗ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുക.
പല ബിസിനസ് കാരും പുതിയ കാര്യങ്ങള്‍ പഠിക്കുവാനും ട്രെയിനിംഗ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുവാനും വിമുഖത കാണിക്കുന്നവരാണ്. പലപ്പോഴും അത്തരം അവസരങ്ങള്‍ മുന്നില്‍ വരുമ്പോള്‍ അവര്‍ നിസ്സാര കാരണങ്ങള്‍ കാണിച്ചു അതില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കാറുണ്ട്. ഇപ്പോഴത്തെ സാമ്പത്തിക പരിഷ്കരണം ഒരു ഗ്ലോബല്‍ മാര്‍ക്കറ്റ് പ്ലേസിലേക്കാണ് നമ്മെ തള്ളി വിടുക. അവിടെ വിജയിക്കണമെങ്കില്‍ നമുക്കു പുതിയ കാര്യങ്ങള്‍ പഠിച്ചേ തീരൂ.
ഏതു പ്രതിസന്ധിയിലും ആദ്യമായി ചെയ്യേണ്ടത് അതിനെ ഉള്‍ക്കൊള്ളുക എന്നതാണ്. ഈ പ്രതിസന്ധിയെയും യാഥാര്‍ത്ഥ്യമായി മനസ്സിലാക്കുക. സോഷ്യല്‍ മീഡിയയില്‍ ബഹളം വച്ചതുകൊണ്ട് ഇത് പിന്‍വലിക്കുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്രീയ ബഹളത്തിനിടയില്‍ ബിസിനസിനെ സംരക്ഷിക്കാം മറക്കരുത്. ഇപ്പോഴുള്ള അസൌകര്യങ്ങളെ സൌകര്യങ്ങളായി മനസ്സിലാക്കുന്നിടത്ത് നമ്മുടെ വിജയം ആരംഭിക്കും. നല്ലൊരു ബിസിനസ് വിജയം ആശംസിക്കുന്നു.