ബിസിനസുകാര്‍ക്ക് വേണ്ടിയുള്ള പൊതു പരിപാടികളില്‍ ധാരാളം പങ്കെടുക്കാറുണ്ട്. അത്തരത്തില്‍ പങ്കെടുത്ത മിക്ക ഇടങ്ങളിലും ഉയര്‍ന്നുവന്ന ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ. ചോദ്യം ഇതാണ്. ‘മാര്‍ക്കറ്റ് ഭയങ്കര സ്ലോ ആണ്; എന്ത് ചെയ്യും ഞങ്ങള്‍ ബിസിനസുകാര്‍ ? നിങ്ങള്‍ പറയുന്ന എല്ലാ മാനേജ്‌മന്റ് തിയറികളും ഞങ്ങള്‍ അനുസരിക്കാം. പക്ഷെ ഇപ്പോഴത്തെ ഈ പരിതാപകരമായ അവസ്ഥയില്‍ നിന്നും രക്ഷപെട്ടാലല്ലേ അത്തരത്തില്‍ ഒരു ഇടപെടല്‍ നടത്താന്‍ പോലും സാധിക്കൂ’. ചെറുകിട / ഇടത്തരം ബിസിനസുകള്‍ ഇത്തരത്തില്‍ വളരെ കഷ്ടപ്പെടുന്ന ഒരു സാഹചര്യത്തില്‍ കൂടിയാണ് നമ്മള്‍ കടന്നു പോയികൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എന്തൊക്കെയാണ് സംരംഭകര്‍ ചെയ്യേണ്ടത്. ചില നിര്‍ദേശങ്ങള്‍.
- ചെലവ് ചുരുക്കി തത്കാലം പിടിച്ചു നില്‍ക്കുക.
ഞാന്‍ നേരത്തെ കണ്‍സള്‍റ്റന്റ്റ് ആയിരുന്ന ഒരു കമ്പനിയുടെ എം ഡി, നോട്ട് നിരോധനം വന്നു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം വിളിച്ചു ഒന്ന് കാണണം എന്ന് പറഞ്ഞു. നോട്ട് നിരോധനം വന്നത് കാരണം, വരാനുള്ള പണം ഒന്നും വരുന്നില്ല എന്ന് മാത്രമല്ല പുതിയ വില്പനകള്‍ വളരെ കുറഞ്ഞിരിക്കുന്നു. ഈ പോക്ക് പോവുകയാണെങ്കില്‍ ഒരു 6 മാസത്തിനുള്ളില്‍ കമ്പനി അടച്ചു പൂട്ടേണ്ടി വരും. എന്ത് ചെയ്യാന്‍ പറ്റും എന്ന് ആലോചിക്കാനാണ് കാണണം എന്ന് പറഞ്ഞത്. ഞാന്‍ അദ്ദേഹത്തിന് കൊടുത്ത നിര്‍ദേശം, ജീവനക്കാരുടെ മീറ്റിംഗ് വിളിച്ചു ഈ കാര്യങ്ങള്‍ പറയുക. പിന്തുണ തേടുക. ശമ്പളം കുറക്കേണ്ടി വരും. ജീവനക്കാരുടെ എണ്ണം കുറക്കാതിരിക്കാനാണ് ഇത്. മറ്റു ചിലവുകള്‍ കുറക്കണം. ഇപ്പോള്‍ കുറയ്ക്കുന്ന ശമ്പളം തിരിച്ചു മാര്‍ക്കറ്റ് ശരിയാവുമ്പോള്‍ അതിന്റെ നഷ്ടം നികത്തുന്ന രൂപത്തില്‍ പുനര്‍ നിശ്ചയിക്കാം. അതല്ല ശമ്പളം കുറച്ചു ജോലി ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്ക് മറ്റു ജോലി നോക്കാം. അദ്ദേഹം പ്രയാസമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തിയുള്ള ആളായത് കൊണ്ട് ആ തീരുമാനങ്ങള്‍ നടപ്പിലാക്കുകയും വിരലിലെണ്ണാവുന്ന ചുരുക്കം ചിലരൊഴിച്ചു ബാക്കിയെല്ലാവരും കമ്പനിയുടെ കൂടെ നിലനില്‍ക്കുകയും ചെയ്തു. ആ മേഖലയിലുള്ള നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോഴും ഈ കമ്പനി പിടിച്ചു നില്‍ക്കുകയും ഇപ്പോള്‍ രണ്ടാമതും മാര്‍ക്കറ്റില്‍ ചലനങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. പറഞ്ഞു വന്നത് ചെലവ് ചുരുക്കാനുള്ള എല്ലാ രീതികളും ഉപയോഗപ്പെടുത്തി പണലഭ്യത നില നിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക. ചിലവുകള്‍ തരം തിരിച്ചു അനിവാര്യമായത് മാത്രം ചെയ്യുക.മാര്‍ക്കറ്റ് സ്ലോ ആവുമ്പോള്‍ പിടിച്ചു നിന്ന്, നിങ്ങളുടെ കമ്പനിക്കു ജീവന്‍ ഉണ്ടെങ്കില്‍ മാത്രമേ മാര്‍ക്കറ്റ് തിരിച്ചു വരുമ്പോള്‍ അത് ഉപയോഗപ്പെടുത്താന്‍ പറ്റൂ. - പ്രോഡക്റ്റ്/ സര്‍വീസ് ക്ഷമത ഉറപ്പു വരുത്തുക.
മാര്‍ക്കറ്റ് സ്ലോ ആയതു കൊണ്ട് കച്ചവടം മോശമാണ് എന്ന് പറയുന്ന എല്ലാ കേസിലും അത് അങ്ങനെ തന്നെ ആകണം എന്നില്ല. പലപ്പോഴും വില്പന കുറയാന്‍ കാരണം പ്രോഡക്റ്റ്/സര്‍വീസ്, മാര്‍ക്കറ്റ് പ്രതീക്ഷിക്കുന്ന മൂല്യം നല്‍കുന്നത് ആകാത്തത് കൊണ്ടായിരിക്കും.നേരത്തെ അത് അങ്ങിനെ ആയിരുന്നിരിക്കാം, പക്ഷെ മാറിയ സാഹചര്യത്തില്‍ കുറഞ്ഞ വിലയില്‍ കുറച്ചു കൂടി മികച്ച സാധനം മറ്റാരെങ്കിലും നല്കുന്നുണ്ടാകാം. എന്തായാലും സ്ലോ ഡൌണ്‍ തങ്ങളുടെ പ്രോഡക്റ്റ് / സര്‍വീസ് ക്ഷമത പുനപരിശോധിക്കാനുള്ള മികച്ച സമയമാണ്. വിജയിച്ച മറ്റു ബിസിനസുകളെ കോപ്പി ചെയ്യുന്ന പ്രവണത നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടു വരാറുണ്ട്. ഇത്തരം ബിസിനസുകളെയാണ് ഈ പ്രശ്നം കാര്യമായി ബാധിക്കുക. ഏതെങ്കിലും കാരണവശാല്‍ നമ്മുടെ പ്രോഡക്റ്റ് കാലഹരണപ്പെട്ടു എന്ന് തോന്നിയാല്‍ അതിനെ മറ്റൊരു രൂപത്തില്‍ പുനപ്രതിഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ പറ്റിയ സമയം ഇതാണ്. - വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുക.
മാര്‍ക്കറ്റ് സ്ലോഡൌണ്‍ ആവുന്നത് നമ്മുടെ നിയന്ത്രണത്തിലുള്ള കാരണങ്ങളാലല്ലല്ലോ.അത് തിരിച്ചു വരുന്നതും അങ്ങിനെ തന്നെ. അപ്പോള്‍ സ്ലോ ഡൌണ്‍ സമയം കൃത്യമായ പ്ലാനിംഗോട് കൂടി തിരിച്ചു വരാനുള്ള മാര്‍ക്കറ്റിനു വേണ്ടി തയ്യാറെടുക്കാം. പൊതുവേ പരസ്യ ബോര്‍ഡുകള്‍/ പേജുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന അവസരങ്ങള്‍ ആണ് ഇത്തരം സ്ലോ ഡൌണ്‍. ചില കരാറുകള്‍ ലഭിക്കുന്നതിനുള്ള അപൂര്‍വ അവസരമായി മാറാറുണ്ട് ഇത്തരം സന്ദര്‍ഭങ്ങള്‍. നിലവിലെ പ്രോഡക്റ്റ് / സര്‍വീസ് ന്റെ വില കൂടിയതോ കുറഞ്ഞതോ ആയ വെര്‍ഷനുകള്‍ പരീക്ഷിക്കാന്‍ കഴിയും. - ബിസിനസില്‍ ‘മുതലാളി’ വേണ്ട
‘മുതലാളി’ എന്ന പ്രയോഗം കാലങ്ങളായി ബിസിനസുമായി ബന്ധപ്പെടുത്തി പറയാറുള്ളതാണ്. മുതലാളി – തൊഴിലാളി ബന്ധത്തിന് പകരം എല്ലാവരെയും ബിസിനസിന്റെ ഭാഗമായി കാണാന്‍ കഴിഞ്ഞാല്‍ സുതാര്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ അതുവഴി കഴിഞ്ഞേക്കും. ലാഭത്തിന്റെ ഒരു പങ്കു ജീവനക്കാര്‍ക്കും കൊടുക്കുന്ന രൂപത്തില്‍ സംവിധാനിച്ചാല്‍ , അത് നിക്ഷേപര്‍ക്കും മാനേജ്‌മെന്റിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബിസിനസിന് ഗുണകരമായിരിക്കും. പ്രത്യേകിച്ച് മാര്‍ക്കറ്റ് സ്ലോ ഡൌണ്‍ പോലുള്ള പ്രശ്നങ്ങള്‍ വരുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ ഇത്തരത്തില്‍ ഉണ്ടാക്കുന്ന സംവിധാനങ്ങള്‍ സഹായകരമായിരിക്കും. - പുതിയ മാര്‍ക്കറ്റുകള്‍ കണ്ടെത്തുക.
GST ഒരു വെല്ലുവിളിയായാണ് മിക്ക ചെറുകിട / ഇടത്തരം ബിസിനസുകരും കാണുന്നത്. അതിനുള്ള പ്രശ്നങ്ങള്‍ എല്ലാം ഉള്ളപ്പോള്‍ തന്നെ അത് ഒരു മികച്ച അവസരം കൂടിയാണ്. GST യുടെ ഏറ്റവും വലിയ ഗുണം ഞാന്‍ കാണുന്നത്, അത് തുറന്നു കൊടുക്കുന്ന വലിയ ഒരു മാര്‍ക്കറ്റ് തന്നെയാണ്. ഓരോ ബിസിനസുകാര്‍ക്കും തങ്ങളുടെ പ്രോഡക്റ്റിന് മികച്ച ഡിമാന്റ് ഉള്ളത് എവിടെയാണെന്ന് കണ്ടെത്തി പ്രോഡക്റ്റ് അവിടേക്ക് എത്തിക്കാന്‍ ഇപ്പോള്‍ കൂടുതല്‍ എളുപ്പമായിരിക്കും. ഓണ്‍ലൈന്‍ പോര്‍ട്ടലുകളെയും ആശ്രയിക്കാവുന്നതാണ്. അത്ഭുതപ്പെടുത്താവുന്ന മാറ്റം നിങ്ങളുടെ ബിസിനസില്‍ ഉണ്ടാക്കാന്‍ ഇത് കാരണമായേക്കാം. - സേവന ദാതാവാവുക.
ഉത്പന്നങ്ങള്‍ വെറുതെ വില്‍ക്കുന്നതിനു പകരം അത് ഒരു സേവനം ആക്കി നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തുക. ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെ സേവനങ്ങള്‍ ഗ്രാമങ്ങളില്‍ പോലും ലഭിക്കുമ്പോള്‍ ഉല്‍പന്നങ്ങള്‍ വെറുതെ വില്‍ക്കുന്നതിന്റെ സാധ്യത കുറയുകയാണുണ്ടാവുക.ആളുകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന നിലക്ക് ഒരു സര്‍വീസ് ആയി നല്‍കിയാല്‍ ബിസിനസ് വര്‍ദ്ധിക്കുകയും ബിസിനസ് വലുതാവുകയും ചെയ്യും.
ഞങ്ങളുടെ മറ്റു ബ്ലോഗുകൾ വായിക്കുവാൻ നിങ്ങൾക്ക് കഴിയും മാത്രമല്ല അവക്കെല്ലാം നിങ്ങളുടെ ബിസിനസ്സിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഉപകാരവുമാണ്. ഒരു consulting firm എന്ന നിലയിൽ ഞങ്ങൾ നിങ്ങളെ സഹായിക്കാനുദ്ദേശിക്കുന്നു.