കോഴിക്കോട് ബൈപാസില്‍ ഉച്ചയൂണിന് ഒരു കടയുണ്ട്. നല്ല തിരക്കാണവിടെ. ഞാനും പോയിട്ടുണ്ട്. അത്ര മികച്ച ഭക്ഷണമാണെന്നൊന്നും തോന്നിയില്ല. പക്ഷെ ലക്ഷുറി വണ്ടികളൊക്കെ നിര്‍ത്തി ഒരുപാട് പേര്‍ ഭക്ഷണം കഴിക്കാന്‍ വരുന്നുണ്ട്. എന്തുകൊണ്ടാണ് അവിടെ ഇത്ര തിരക്ക് എന്ന് ഒന്ന് അനലൈസ് ചെയ്യാന്‍ നോക്കി. ഈ കടയുടെ മുന്നില്‍ ഒരു നല്ല പാര്‍ക്കിംഗ് ഗ്രൌണ്ട് ഉണ്ട്. ഹൈവേയില്‍ ഇരു വശത്തുനിന്നുവരുമ്പോഴും ഈ കടയുടെ തൊട്ടു മുന്നേ ഹമ്പുകള്‍ ഉണ്ട്. ഹൈവേയില്‍ വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ ഉച്ചഭക്ഷണസമയത്ത് ഹമ്പില്‍ വാഹനം സ്ലോ ആവുമ്പോള്‍ ഈ ഹോട്ടല്‍ ശ്രദ്ധയില്‍ പെടുന്നു. കുറച്ചു തിരക്കൊക്കെ കാണുന്നു. എന്തായാലും സ്ലോ ആയ സ്ഥിതിക്ക് അവിടെ നിര്‍ത്തി ഭക്ഷണം കഴിച്ചു യാത്ര തുടരാമെന്ന് കരുതുന്നു. ഹമ്പ് ആണ് ഇവിടെ ആ ഹോട്ടലിന്റെ അവസരം ആയി മാറിയത്. അതിനെ കൃത്യമായി മുതലാക്കാന്‍ ആ ഹോട്ടലിന്റെ സംരംഭകന് കഴിഞ്ഞു.
ഇതിനെ മെയിന്‍സ്ട്രീം ബിസിനസിലേക്ക് കണക്ട് ചെയ്യുമ്പോള്‍, എന്തൊക്കെയാണ് നാം മനസ്സിലാക്കേണ്ടത്. സാധാരണ ഗതിയില്‍ ഒരാള്‍ ബിസിനസ് തുടങ്ങുമ്പോള്‍ മേഖല തിരഞ്ഞെടുക്കാന്‍ എന്തൊക്കെയാണ് അദ്ദേഹം മാനദണ്ഡമാക്കുക. തന്റെ കൈയിലുള്ള മൂലധനത്തിന് തുടങ്ങാവുന്ന ബിസിനസ്, നിലവില്‍ നന്നായി വിജയിച്ച ഏതെങ്കിലും ഒരു ബിസിനസ്, താന്‍ പഠിച്ചതോ തനിക്കു എക്സ്പീരിയന്‍സ് ഉള്ളതോ ആയ മേഖല, സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഉള്ള എന്തെങ്കലും ഒരു ബിസിനസോ സ്വാധീനമോ ഉപയോഗപ്പെടുത്താന്‍ പറ്റിയ ഒരു ബിസിനസ് ഇങ്ങിനെ എന്തുമാകാം. ഇങ്ങിനെ തുടങ്ങുന്ന ബിസിനസുകള്‍ക്ക് പൊതുവേ ചില പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്. തുടങ്ങാന്‍ പോകുന്ന ബിസിനസിന് എവിടെ നന്നാണ് കോംപറ്റിഷന്‍ ഉണ്ടാവുക, മാര്‍ക്കറ്റ് എത്രമാത്രം വലുതാണ്, തന്റെ ഉല്‍പന്നങ്ങളോ സര്‍വീസുകളോ മാര്‍ക്കറ്റ് സ്വീകരിക്കുമോ എന്നീ വിലയിരുത്തലുകള്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്. കാരണം അങ്ങനെയൊക്കെ ചിന്തിക്കുന്ന ആളുകള്‍ മേല്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് ബിസിനസ് തുടങ്ങാറില്ല.
ഇനിയൊരു കാരണമുണ്ട് ബിസിനസ് തുടങ്ങാന്‍. ഒരു യഥാര്‍ത്ഥ സംരംഭകന്‍ അവിടെ നിന്നാണ് ബിസിനസ് തുടങ്ങേണ്ടത്. തടസ്സങ്ങള്‍, പ്രശ്നങ്ങള്‍, ആവശ്യങ്ങള്‍ എന്നൊക്കെ നമുക്കതിനെ വിളിക്കാം. ഒന്ന് കൂടെ വിശദമായി പറഞ്ഞാല്‍, ഒരു പ്രശ്നത്തിനോ തടസ്സതിനോ പരിഹാരമായി തുടങ്ങുന്ന ബിസിനസ്. വിജയിച്ച മിക്ക ബിസിനസുകള്‍ക്കും ഇങ്ങിനെ ഒരു കാരണം ഉണ്ടാവും. കൃത്യമായ സമയത്ത് ടാക്സി കിട്ടാത്തതോ അല്ലെങ്കില്‍ അമിതമായ ടാക്സി ചാര്‍ജുകാളോ ഒക്കെ ആവാം യൂബെര്‍ പോലുള്ള ഒരു ടാക്സി സര്‍വീസ് തുടങ്ങാനുണ്ടായ കാരണം. ഫേസ്ബുക്ക്, എയര്‍ ബിഎന്‍ ബി തുടങ്ങിയ പുതുനിര കമ്പനികള്‍ക്കും കേരളത്തില്‍ തന്നെയുള്ള വി-ഗാര്‍ഡ്, മണപ്പുറം തുടങ്ങിയ മിക്ക കമ്പനികള്‍ക്കും ഇങ്ങിനെ ഒരു പ്രത്യേകത കാണാം.
നിങ്ങള്‍ കാറില്‍ ഒരു യാത്രയില്‍ ആണെന്നിരിക്കട്ടെ. നിങ്ങള്‍ക്ക് പെട്ടെന്ന് ടോയിലെറ്റില്‍ പോകണം. സാധാരണ ഗതിയില്‍ മാര്‍ഗമില്ല. ഒരു ഹോട്ടലില്‍ കയറണം. ആവശ്യമില്ലെങ്കിലും ചായ കുടിക്കണം. അല്ലെങ്കില്‍ റോഡ് സൈഡില്‍ കാര്യം സാധിക്കണം. ഇതിനുള്ള പരിഹാരം ഒരു സംരംഭകന്‍ ഉണ്ടാക്കി എന്നിരിക്കട്ടെ. അതൊരു മികച്ച ബിസിനസ് ആയിരിക്കും. സാധാരണ ഭക്ഷണ സാധനങ്ങള്‍ ഓഫീസുകളിലും മറ്റും ഡെലിവറി ചെയ്യാവുന്ന ഒരു സംവിധാനം ഒരാള്‍ ഉണ്ടാക്കിയാല്‍, ഒരുപാടു പേര്‍ക് ആശ്വാസമായിരിക്കും അതെ സമയം നല്ലൊരു സംരംഭവും ആയിരിക്കും. ഇങ്ങനെ നിത്യ ജീവിതത്തില്‍ കാണുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമായി സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്. മറ്റു കാരണങ്ങള്‍ കൊണ്ട് തുടങ്ങുന്നതിനെക്കാള്‍ മികച്ചതായിരിക്കും ഇത്തരം ബിസിനസുകള്‍. പലപ്പോഴും കോംപറ്റിഷന്‍ ഉണ്ടാവില്ല. കസ്റ്റമേഴ്സ്നെ കണ്ടെത്താനും വരുമാനം കിട്ടി തുടങ്ങാനും കുറച്ചു കൂടി എളുപ്പമായിരിക്കും.
പുതു സംരംഭകര്‍ ഈ ലൈനില്‍ ചിന്തിച്ചു തുടങ്ങിയാല്‍ പല പൊതു പ്രശ്നങ്ങള്‍ക്കും ഗവണ്മെന്റ് ഇടപെടല്‍ ഇല്ലാതെ തന്നെ പരിഹാരങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. മികച്ച ഒരു ബിസിനസ് തുടങ്ങി വിജയിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ.