ബിസിനസ് തുടങ്ങാന്‍ വേണ്ടി നിങ്ങള്‍ ആലോചിക്കുന്നുണ്ടോ? ബിസിനസ് തുടങ്ങുന്നത് പെട്ടെന്ന് പണക്കാരനാവാന്‍ വേണ്ടിയാണോ? നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കില്‍ തുടര്‍ന്ന് വായിക്കുക.
പണം യഥാര്‍ത്ഥ ബിസിനസിന്റെ ഒരു ബൈ-പ്രോഡക്റ്റ് മാത്രമാണ്. വിജയിച്ച ബിസിനസുകളെ നാം നിരീക്ഷിക്കുകയാണെങ്കില്‍ അവരൊന്നും പണത്തിനു പിറകെ ഓടുന്നവരായിരുന്നില്ല. ഒരു പ്രത്യേക കാര്യം ചെയ്യുന്നതിനുള്ള അടക്കാനാവാത്ത ആഗ്രഹം ആണ് അവരെയൊക്കെ അവിടെയെത്തിച്ചത്. പണത്തിനു പിറകെ ഓടുന്നത് വിജയിക്കാതിരിക്കാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട്. ഒരാള്‍ പണത്തിനു പിറകെ സഞ്ചരിച്ചാല്‍ വളരെ പെട്ടെന്ന് അയാളുടെ ഉത്സാഹം നഷ്ടപ്പെടാന്‍ സാധ്യത ഉണ്ട്. കാരണം പണം ഉപയോഗിച്ച് അയാള്‍ക്ക് നേടാവുന്ന കാര്യങ്ങള്‍ വളരെ പെട്ടെന്ന് നേടിയെടുക്കാന്‍ കഴിയുന്നതാണ്. അത് നേടുന്നതോടെ അയാള്‍ക്ക് അത്തരം കാര്യങ്ങളോട് വിരക്തി തോന്നി തുടങ്ങും. മറ്റൊരു കാരണം, ബിസിനസ് യാത്രയില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ട ധാരാളം സന്ദര്‍ഭങ്ങള്‍ നമ്മുടെ മുന്നില്‍ വന്നു പെടും. അപ്പോള്‍ പണത്തിനാണ് നാം പ്രാധാന്യം കൊടുക്കുന്നത് എങ്കില്‍ ആ ഇടപാടില്‍ ഉണ്ടായിരുന്ന ആളുകളുടെ ഇടയില്‍ നമ്മുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ കാരണമാവും. അത്തരം ആളുകള്‍ നമ്മുടെ ബിസിനസ് ജീവിതത്തിലും വ്യക്തി ജീവിതത്തിലും സ്വാധീനമുള്ള ആളുകളായിരിക്കും. അതുകൊണ്ട് തന്നെ ബിസിനസിനെ ദോഷകരമായി ഇത്തരം കാര്യങ്ങള്‍ ബാധിക്കാന്‍ തുടങ്ങും.
സാമ്പത്തിക വിജയം ഒരു ബിസിനസിന് അനിവാര്യമാണ് എന്നത് വിസ്മരിക്കുന്നില്ല. ഒരു സംരംഭകന്‍ തുടങ്ങുന്ന ബിസിനസില്‍ അയാള്‍ കസ്റ്റമേഴ്സിന് നല്‍കുന്ന മൂല്യത്തിനു പകരം ലഭിക്കുന്നതാണ് പണം. പക്ഷെ പണത്തിനു കൂടുതല്‍ പ്രാധാന്യം കൊടുത്താല്‍ മൂല്യം നഷ്ടപ്പെടും. പണത്തിനാണ് കൂടുതല്‍ പ്രാധാന്യം എന്ന് വിശ്വസിക്കുന്നവര്‍ സംരംഭം തുടങ്ങുന്നതിനെക്കാള്‍ നല്ലത് മറ്റു തൊഴില്‍ മേഖലകള്‍ അന്വേഷിക്കുന്നതാണ്. മാനുഷിക മൂല്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവര്‍ക്ക് ചെയ്യാനുള്ളതാണ് സംരംഭകത്വം.
താന്‍ ജീവിക്കുന്ന ചുറ്റുപാടില്‍ മാറ്റങ്ങള്‍ കൊണ്ടുവരിക, തന്റെ രാജ്യത്തിനും സഹജീവികള്‍ക്കും ഗുണമുള്ളത് എന്തെങ്കിലും ചെയ്യുക, തനിക്കു കിട്ടിയതിനേക്കാള്‍ നല്ലതായി ഈ പരിസ്ഥിതിയെ വരും തലമുറയ്ക്ക് കൈമാറുക എന്നിവ മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഭാവങ്ങളാണ്. അതിനെ ഉണര്‍ത്തുകയാണ് സംരംഭകര്‍ ചെയ്യുന്നത്. അത് നേടിയെടുക്കുമ്പോഴാണ് സംരംഭകന് സെന്‍സ് ഓഫ് അചീവ്മെന്റ്റ് ഉണ്ടാവുന്നത്.
ആ അര്‍ത്ഥത്തില്‍ എഴുകാരെക്കാളും, കലകാരന്മാരെക്കാളും, ആക്ടിവിസ്റ്കളെക്കാളും മുകളിലാണ് സംരംഭകന്റെ സ്ഥാനം. കാരണം മറ്റുള്ളവര്‍ എഴുതുകയും വരക്കുകയും പ്രതിരോധിക്കുകയും ചെയ്യുമ്പോള്‍, സംരംഭകന്‍ പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നു. #BackstreetLessonsforStartupEntrepreneurs
#സംരംഭകര്‍ക്ക് ചില തെരുവ് പാഠങ്ങള്‍